ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം വലിയമല പൊലീസാണ് രാഹുലിനെ ഒന്നാം പ്രതിയായും ജോബി ജോസഫിനെ രണ്ടാം പ്രതിയായും ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഹുലിനെ കണ്ടെത്താനായി പാലക്കാട്, പത്തനംതിട്ട ജില്ലകളിലടക്കം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിന്റെ അടൂരിലെ വീടിനും പാലക്കാട്ടെ എം.എൽ.എ ഓഫീസിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
പുറത്തുവന്ന എഫ്.ഐ.ആർ പകർപ്പ് പ്രകാരം അതീവ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, വീട്ടിൽ അതിക്രമിച്ച് കയറൽ, നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. 2024 മാർച്ച് 4-നും 17-നും തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ചും പിന്നീട് രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ചും പീഡിപ്പിച്ചതായാണ് പരാതി. രണ്ടാം പ്രതിയായ ജോബി ജോസഫിന്റെ ചുവന്ന കാറിൽ കൊണ്ടുപോയി ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
അറസ്റ്റ് നടപടികൾ ഒഴിവാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുന്നതായാണ് വിവരം. അസാധാരണ സാഹചര്യം ചൂണ്ടിക്കാട്ടിയായിരിക്കും അഭിഭാഷകൻ വഴി ഹർജി സമർപ്പിക്കുക. അതേസമയം, രാഹുലിനെതിരെ കേസ് വന്നതോടെ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ് തുടങ്ങിയ മുതിർന്ന നേതാക്കൾ വിഷയത്തിൽ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നവരും പാർട്ടിയിലുണ്ട്.