Share this Article
News Malayalam 24x7
യുഎസ് കോണ്‍സുലേറ്റിൽ ആക്രമണം; 8 പേർ മരിച്ചെന്ന് റിപ്പോർട്ട്
Middle East War Intensifies

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ ഇറാൻ കനത്ത തിരിച്ചടി ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മേഖല സ്തംഭിച്ചിരിക്കുകയാണ്.

യുഎഇ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ വീണതായി റിപ്പോർട്ടുണ്ട്. ദുബായിൽ രണ്ടിടങ്ങളിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ജബൽ അലി പോർട്ടിന് സമീപം സ്ഫോടനവും പുകപടലങ്ങളും ദൃശ്യമായി. അബുദാബി വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ഖത്തറിലെ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായി. മേഖലയിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. യുഎഇക്ക് നേരെ ഇതുവരെ 137 മിസൈലുകളും 209 ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. ജോർദാൻ മിക്ക ആക്രമണങ്ങളും ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ചു. കുവൈറ്റിലും ആക്രമണ മുന്നറിയിപ്പിനെത്തുടർന്ന് സൈറണുകൾ മുഴങ്ങി.


പാകിസ്ഥാനിലെ കറാച്ചിയിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേരെ ശിയാ വിഭാഗക്കാർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കോൺസുലേറ്റിന് തീയിടാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. കോൺസുലേറ്റിന്റെ ജനൽ ചില്ലുകൾ തകർക്കുകയും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. മൂന്ന് എംബസി ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.


യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. പേർഷ്യൻ ഗൾഫ് വഴിയുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി.


ഇറാന്റെ ഭാഗത്തുനിന്നും ഇനിയും ആക്രമണമുണ്ടായാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധമുണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.


















നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories