തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മർദന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് യോഗത്തിൽ വിശദീകരണം നല്‍കി. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും വിശദീകരണം.വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് ഘടകകക്ഷികളെ അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ല. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.40 മിനിറ്റ് സമയമെടുത്താണ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.
വർഷങ്ങൾക്ക് മുന്‍പുള്ള പൊലീസ് അതിക്രമങ്ങൾ ആണ് ഇപ്പോള്‍ വാർത്ത ആയി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പൊലീസ് ലോക്കപ്പ്, മർദന കേന്ദ്രങ്ങൾ ആക്കി മാറ്റാൻ എൽഡിഎഫ് സർക്കാർ അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തിലും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു കോട്ടവുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം. വസ്തുതാ വിരുദ്ധമായ പ്രചാരണത്തിന് ആരും കൂട്ടുനിൽക്കരുതെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകൾ മാനസിക പീഡനം നേരിടുകയാണെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ജനങ്ങൾ ഇത് മനസിലാക്കും. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വരുന്നതിന് എതിരെ ഭരണപക്ഷമല്ല കോൺഗ്രസ് പാർട്ടിയാണ് നിലപാട് സ്വീകരിക്കേണ്ടത്. കോൺഗ്രസിന്റെ സംരക്ഷണവും പിന്തുണയും ഉള്ളതുകൊണ്ടാണ് രാഹുലിന് സഭയിൽ വരാൻ കഴിയുന്നത്. വയനാട്ടിൽ അഞ്ച് പേരാണ് കോൺഗ്രസ് പാർട്ടി കാരണം ആത്മഹത്യ ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം ഇപ്പോള്‍ വിഷയം അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനമുണ്ടായി എന്ന് യോഗത്തിൽ സിപിഐ അറിയിച്ചു. വനം നിയമ ഭേദഗതി തിരിച്ചടിയാകുമോ എന്ന് ജെഡിഎസും സംശയം ഉന്നയിച്ചു.