നിയമസഭയിൽ താൻ വായിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി അംഗീകരിക്കണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ ആവശ്യം തള്ളി നിയമസഭ. മന്ത്രിസഭ അംഗീകരിച്ച് നൽകിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ മാറ്റം വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ഗവർണറുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് നൽകുന്നതാണ് രീതി. അതിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമോ മാറ്റങ്ങളോ ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രിയെ മുൻകൂട്ടി അറിയിക്കുകയാണ് കീഴ്വഴക്കം. എന്നാൽ ഈ കാര്യത്തിൽ ഗവർണർ അത്തരമൊരു നീക്കം നടത്തിയില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സഭയുടെ രേഖകളിൽ മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ് ഉൾപ്പെടുത്തേണ്ടതെന്നും ഗവർണർ വായിച്ച ഭാഗങ്ങൾ മാത്രമല്ല രേഖകളിൽ ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുൻപ് ഗവർണർമാരായിരുന്ന ജ്യോതി വെങ്കിടാചലം, ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രസംഗത്തിനിടെ ചില ഭാഗങ്ങൾ ഒഴിവാക്കി വായിച്ച സംഭവങ്ങൾ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. അന്ന് സഭയിൽ വായിച്ച ഭാഗങ്ങൾ മാത്രമാണ് സഭാ രേഖകളിൽ ഉണ്ടാവുക എന്ന ഗവർണറുടെ വാദം ശരിയല്ല. മന്ത്രിസഭ അംഗീകരിച്ച ഔദ്യോഗിക നയപ്രഖ്യാപന പ്രസംഗം അതേപടി സഭാ രേഖകളിൽ ചേർക്കുന്നതാണ് ജനാധിപത്യ രീതിയും ഭരണഘടനാപരമായ കീഴ്വഴക്കവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവർണർ സ്പീക്കർക്ക് നൽകിയ കത്തുകൾ പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സഭയിൽ ആവശ്യപ്പെട്ടു. ഭരണഘടനയും കോടതി വിധിപ്പകർപ്പുകളും അനുശാസിക്കുന്നതും ഈ രീതി തന്നെയാണെന്നും സഭയുടെ അധികാരത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഭയിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും ഈ വിഷയം നിയമസഭയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.