തിരുവനന്തപുരം: ജാതീയവും സാമുദായികവുമായ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമായി കേരളം. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016ല്‍ 26 ജാതീയ-സാമുദായിക സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത്, 2023-ല്‍ സംസ്ഥാനത്ത് ഒരൊറ്റ സംഭവം മാത്രമാണ് രേഖപ്പെടുത്തിയത്. ഇതേ വര്‍ഷം രാജ്യത്ത് ഇത്തരം 475 സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട്.
2016 മുതല്‍ 2023 വരെ കാലഘട്ടത്തില്‍ കോഗ്നിസബിള്‍ കുറ്റകൃത്യങ്ങളില്‍ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2016ല്‍ ആകെ 7,07,870 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2023ല്‍ ഇത് 5,84,373 ആയി കുത്തനെ കുറഞ്ഞു. അക്രമ കുറ്റകൃത്യങ്ങള്‍ 25% കുറഞ്ഞു. 2016ല്‍ 13,548 ആയി. ഈ വര്‍ഷം 10,255 ആയി കുറഞ്ഞു.
കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരയിലുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കേരളത്തില്‍ 95.1% കുറ്റപത്രങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇത് ദേശീയ ശരാശരിയായ 72.7% ത്തേക്കാള്‍ വളരെ മുന്നിലാണ്. 2016ല്‍ 62.9 % ആയിരുന്നത്. 2023ല്‍ 81.6% ആയി ഉയര്‍ന്നു. പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന നിരക്ക് 2017 മുതല്‍ 2023 വരെ അഞ്ച് ശതമാനത്തിലധികം വര്‍ദ്ധിച്ചു. 2017-ല്‍ 79.9% ആയിരുന്ന നിരക്ക് 2023-ല്‍ 85.1% ആയി വര്‍ദ്ധിച്ചു.
സംസ്ഥാനത്ത് തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ 11.4% മാത്രമാണ്. 2016 നെ അപേക്ഷിച്ച് നോക്കുമ്പോഴും നിരക്ക് കുറഞ്ഞിട്ടുണ്ട്. 2016 ല്‍ 13.6% ആണിത്. ദേശീയ ശരാശരിയേക്കാള്‍ 30% കുറവാണ്. 2016-ല്‍ സംസ്ഥാനത്തിന്റെ നിരക്ക് 13.6% ആയിരുന്നു. സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ ശതമാനം 2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 10% കുറഞ്ഞു. 2016-ല്‍ 30.01% ആയിരുന്നത് 2023-ല്‍ 20% ആയി കുറഞ്ഞു.
കുട്ടികള്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ ശതമാനം 2016 മുതല്‍ 2023 വരെ 15% ല്‍ അധികം കുറഞ്ഞു: 2016-ല്‍ 37.9% ആയിരുന്നത് 2023-ല്‍ 21.4% ആയി കുറഞ്ഞു. പട്ടികജാതിക്കാര്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ ശതമാനം 2016 മുതല്‍ 2023 വരെ ഏകദേശം 30% കുറഞ്ഞു. 2016-ല്‍ 47.4% ആയിരുന്നത് 2023-ല്‍ 18.7% ആയി കുറഞ്ഞു.പട്ടികവര്‍ഗക്കാര്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ ശതമാനം 2017 മുതല്‍ 2023 വരെ 30% കുറഞ്ഞു. 2017-ല്‍ 49.7% ആയിരുന്നത് 2023-ല്‍ 19.2% ആയി കുറഞ്ഞു.
കാണാതാകുന്നവരെ കണ്ടെത്തുന്നതില്‍ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2016-നെ അപേക്ഷിച്ചും ഏറെ മുന്നിലാണ്. കാണാതായ സ്ത്രീകളെ കണ്ടെത്തുന്നതില്‍ കേരളത്തിന് 96% വിജയശതമാനവും കുട്ടികളെ കണ്ടെത്തുന്നതില്‍ 95.9% വിജയശതമാനവുമുണ്ട്. 2016-ല്‍ ഇത് യഥാക്രമം 88.9%, 87.6% എന്നിങ്ങനെയായിരുന്നു. ദേശീയ ശരാശരി യഥാക്രമം 55%, 64.8% എന്നിങ്ങനെയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ പൂജ്യമാണ്. കഴിഞ്ഞ 3 വര്‍ഷമായി കേരളത്തില്‍ ആരും കസ്റ്റഡിയില്‍ മരിച്ചിട്ടില്ല. എന്നാല്‍, 2023-ല്‍ മാത്രം രാജ്യത്ത് 62 പേര്‍ കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ട്.