ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ കുറ്റത്തിന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും അനുയായികൾക്കും വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണൽ. ഹസീനക്കൊപ്പം, ബംഗ്ലാദേശ് മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമൂൻ എന്നിവർക്കും വധ ശിക്ഷ വിധിച്ചിട്ടുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.
വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ ഷെയ്ഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ നേരത്തേ വിധിച്ചിരുന്നു. ഈ വർഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. വിദ്യാർഥികൾക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തിൽ 1400ഓളം പേർ കൊല്ലപ്പെട്ടെന്നാണ് യു.എൻ കണക്ക്.