കേന്ദ്രസർക്കാരിന്റെ പി.എം.ശ്രീ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സി.പി.ഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിക്കൊണ്ട് കേന്ദ്രത്തിന് കത്തയച്ചാൽ മാത്രമേ ഇന്ന് വൈകുന്നേരം 3:30-ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയുള്ളൂ എന്ന് സി.പി.ഐ ഉപാധി വെച്ചതായി റിപ്പോർട്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും തമ്മിൽ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.
സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്നും, പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന ആവശ്യം അവർ ആവർത്തിക്കുകയാണെന്നും സി.പി.ഐ നേതാക്കൾ അറിയിച്ചു. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് സി.പി.ഐയും സി.പി.ഐ.എമ്മും ഒരുമിച്ച് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയെ അവഗണിച്ച് മുന്നോട്ട് പോകുന്നത് ശരിയായ നിലപാടല്ലെന്നും ഇത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും സി.പി.ഐ.എം നേതാക്കൾ പറയുന്നു. ബി.ജെ.പി-ആർ.എസ്.എസ് നയങ്ങളെ അംഗീകരിക്കാതിരിക്കാൻ ഇടതുമുന്നണി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.
2017-ൽ തോമസ് ചാണ്ടി കായൽ കയ്യേറിയെന്ന ആരോപണം ഉയർന്നപ്പോൾ സി.പി.ഐ ഇതേ നിലപാട് സ്വീകരിക്കുകയും മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തതിനെ തുടർന്ന് തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതേ നിലപാടിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
രാവിലെ 10 മണിക്ക് നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം ഈ ചർച്ചകൾ കണക്കിലെടുത്ത് വൈകുന്നേരം 3:30-ലേക്ക് മാറ്റിയിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഇന്ന് തളിപ്പറമ്പിൽ ഉണ്ടായിരുന്ന പരിപാടികൾ റദ്ദാക്കി തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. ഈ ചർച്ചകൾക്കൊടുവിൽ സി.പി.ഐയും സി.പി.ഐ.എമ്മും ഒരു സമവായത്തിലെത്തുമോ അതോ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വിട്ടുനിൽക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.