ന്യൂഡൽഹി: ബിഹാറിന്റെ ഹൃദയം NDAയ്‌ക്കൊപ്പമാണെന്നും ജനങ്ങൾ സദ്ഭരണത്തിനും നല്ല ഭാവിക്കും വോട്ടു ചെയ്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.സംസ്ഥാനത്തിന്റെ വികസനത്തിനുള്ള എല്ലാ വഴിയും തേടുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും മുന്നേറാനുള്ള അവസരങ്ങൾ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും എൻഡിഎ സഖ്യകക്ഷി നേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
എസ്ഐആറിനെതിരായ പ്രതിപക്ഷത്തിൻറെ കള്ളപ്രചാരണം ജനം തള്ളിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ശുദ്ധീകരിച്ച വോട്ടർപട്ടിക അനിവാര്യമെന്ന സന്ദേശമാണ് ഫലം നല്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വൻ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ.
അക്ഷീണം പ്രയത്നിച്ച എല്ലാ പ്രവർത്തകർക്കും ബിജെപി അധ്യക്ഷൻ ജെ പി നദ്ദ നന്ദി അറിയിച്ചു . ഇത് ട്രെൻഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബിഹാറിലും ജനം മോദിയിൽ അചഞ്ചല വിശ്വാസം അർപ്പിച്ചു, ജംഗിൾ രാജിന് പകരം ജനം വികസനത്തെ പുൽകി.ജംഗിൾരാജിന് നോ എൻട്രി. 2024 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് കുറച്ചു സീറ്റ് കുറഞ്ഞു പോയതിൽ ജനം നിരാശരായി. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും അചഞ്ചലമായ പിന്തുണ നൽകാൻ തീരുമാനിച്ചു. പ്രതിപക്ഷത്തിന് കനത്ത മറുപടി നൽകി.