കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ശക്തമായ കാറ്റുവീശുന്നുണ്ട്.
തീരദേശവാസികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. വീരമല കുന്നിലും മട്ടലായി കുന്നിലും കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു, മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.
കാസർഗോഡ് ജില്ലയിൽ വലിയ ഗതാഗത തടസ്സങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, മഴ കനത്താൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും മറ്റ് വഴികളിലേക്ക് തിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളായ നീലേശ്വരം, അരീബാരം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തേജസ്വിനി പുഴയുടെ ഭാഗത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. കുടക്, കൊങ്കൺ മേഖലകളിൽ ശക്തമായ മഴ പെയ്താൽ തേജസ്വിനി പുഴ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. വരുന്ന മണിക്കൂറുകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം.