കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടുകൾ മോഷ്ടിച്ചുവെന്നും, ബിഹാർ വോട്ടര്‍ പട്ടികയിൽ ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് സമാപിക്കും. പട്നയിലെ പദയാത്രയോടെയാണ് വോട്ടര്‍ അധികാര്‍ യാത്രാ അവസാനിക്കുക. രാഹുല്‍ ഗാന്ധി നടത്തിയ മൂന്നാം ഭാരത് ജോഢോ യാത്രയാണ് ഇതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
1300 കിലോമീറ്റര്‍ 110 ലധികം നിയമസഭാ മണ്ഡലങ്ങള്‍ വോട്ട്‌ചോരി മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും നടത്തിയത് മറ്റൊരു ഭാരത് ജോഡോ യാത്രയാണെന്നാണ് വിലയിരുത്തല്‍. ബീഹാറിലെ 25 ജില്ലകളിലൂടെയാണ് യാത്ര സഞ്ചരിച്ചത്. യാത്ര ഓരോ നാട്ടിലും പ്രവേശിക്കുമ്പോള്‍ വന്‍ ജനകൂട്ടം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു. ബീഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിന് മുമ്പുള്ള തിരഞ്ഞെടുപ്പ് പ്രചാരണമായും വോട്ടര്‍ അധികാര്‍ യാത്ര കണക്കാക്കപ്പെടുന്നു.
യാത്രയിലുടനീളം തെരഞ്ഞെടുപ്പ് കമ്മീഷനേയും, കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്‌കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ബീഹാറില്‍ എസ്‌ഐആര്‍ വഴി വോട്ടുകള്‍ മോഷ്ടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒന്നിച്ച് ശ്രമിച്ചുവെന്നും യാത്രയിലുടനീളം രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ നടത്തിയ വിപ്ലവമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനിടെ ദര്‍ഭംഗ പട്ടണത്തില്‍ നടന്ന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അദ്ദേഹത്തിന്റെ അമ്മയേയും അവഹേളിച്ച് കൊണ്ടുള്ള മുദ്രാവാക്യം വിവാദത്തിലായി. ഇത് ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള കൈയാങ്കളി വരെയെത്തുകയും ചെയ്തു. ഇന്ന് പട്‌നയില്‍ കാല്‍നട യാത്ര നടത്തും. വിവിധ പ്രതിപക്ഷ നേതാക്കളും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.