രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് ആരോപിച്ചു.
പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്ത് വിദ്വേഷം വളർത്താൻ ശ്രമിക്കുകയാണെന്നും ഇത്തരം അക്രമസംഭവങ്ങളിൽ ബിജെപി നേതൃത്വം നിശബ്ദത പാലിക്കുകയാണെന്നും സുപ്രിയ കുറ്റപ്പെടുത്തി. വോട്ടിനായി പ്രധാനമന്ത്രി പോപ്പിനെ കെട്ടിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ടെങ്കിലും സ്വന്തം നാട്ടിലെ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ തടയാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് സുപ്രിയ പരിഹസിച്ചു.
ഇത്തരം അക്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു. ആഘോഷങ്ങളുടെയും സമാധാനത്തിന്റെയും വേളയിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് സംഘപരിവാർ സ്വീകരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.