ശബരിമലയിലെ സ്വർണക്കവർച്ചാ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഹൈക്കോടതി ഒരുമാസം കൂടി സമയം അനുവദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു തുടങ്ങിയ ഉന്നതരെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ ഉൾപ്പെടെയുള്ളവരെയും കേസിൽ ചോദ്യം ചെയ്യാനുണ്ട്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
അതിനിടെ, കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം തടഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ എഫ്.ഐ.ആർ പകർച്ചപ്പടക്കമുള്ള രേഖകൾക്കായി ഇ.ഡിക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. നേരത്തെ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി റാന്നി കോടതിയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കേന്ദ്ര ഏജൻസിയും സംസ്ഥാനത്തിന്റെ പ്രത്യേക അന്വേഷണ സംഘവും കേസിൽ അന്വേഷണം ഊർജിതമാക്കി.