കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് വർദ്ധിച്ചെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഈ കടുത്ത നടപടി. ഇത് അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.
പെട്രോയുടെ ഭരണകാലത്താണ് അമേരിക്കയിലേക്ക് കൊളംബിയയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് അമിതമായി വർദ്ധിച്ചതെന്നാണ് അമേരിക്കൻ കണ്ടെത്തൽ. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും പൊതുജനാരോഗ്യത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി.
മയക്കുമരുന്ന് കടത്തിന്റെ അളവ് കുറയ്ക്കുക, പൗരന്മാരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു അമേരിക്ക മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ പെട്രോയുടെ ഭരണകൂടം ഈ ആരോപണങ്ങളെ നിഷേധിക്കുകയും നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു.
കൊളംബിയയ്ക്ക് പുറമെ വെനസ്വേലയ്ക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക സമാനമായ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. വെനസ്വേലയുടെ അതിർത്തികളിലും കരീബിയൻ കടലിടുക്കിന് സമീപവും സൈനികരെ വിന്യസിക്കാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അമേരിക്ക നിർദ്ദേശം നൽകിയിരുന്നു.
ഈ നീക്കത്തോടെ അമേരിക്കയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. മയക്കുമരുന്ന് നിയന്ത്രിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. എന്നാൽ, പെട്രോയുടെ ഭരണത്തിൽ ലഹരിക്കടത്ത് കുറഞ്ഞുവരികയാണെന്നും മയക്കുമരുന്ന് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും കൊളംബിയൻ സർക്കാർ അറിയിച്ചു.