Share this Article
image
പക്ഷപാതരഹിതമായ അന്വേഷണം വേണം;ഗുസ്തി താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഐഒസി
വെബ് ടീം
posted on 31-05-2023
1 min read

ന്യൂഡൽഹി:ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഉള്ള  ​ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും. കൂടാതെ അന്താരാഷ്ട്ര ​ഗുസ്തി സംഘടനയും പിന്തുണയുമായി രം​ഗത്തെത്തി. 

യുണൈറ്റഡ് വേൾഡ് റസലിങ്ങാണ് നടപടിയുമായി എത്തിയത്. ​ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ സംഘടന ശക്തമായി വിമർശിച്ചു. അന്വേഷണത്തിൽ സംതൃപ്തിയില്ലെന്നും വ്യക്തമാക്കി. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ  ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു മാസത്തിൽ അധികമായി ​ഗുസ്തി താരങ്ങൾ സമരത്തിലാണ്. മെഡലുകൾ ഗംഗയിലെറിഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങൾ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്‍ട്ര സംഘടനകളുടെ ഇടപെടൽ. 

അതേസമയം ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും. ഉത്ത‍‍ർപ്രദേശിലെ മുസഫർ നഗറിൽ ഖാപ് പഞ്ചായത്ത് ചേരുമെന്നാണ് വിവരം. ഇന്നലെ മെഡലുകൾ ഗംഗയിൽ എറിയാൻ തയ്യാറായ ഗുസ്തി താരങ്ങളെ കർഷക നേതാക്കൾ എത്തിയാണ് അനുനയിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് അഞ്ച് ദിവസമാണ് കർഷക സംഘടന നേതാക്കൾ ആവശ്യപ്പെട്ടത്. 

ഇന്ത്യൻ കായിക ചരിത്രത്തിലെ അതിവൈകാരികമായ രംഗങ്ങൾക്കാണ് ചൊവ്വാഴ്ച ഹരിദ്വാർ സാക്ഷിയായത്. ഇരുപത്തിയെട്ടാം തീയ്യതിയുണ്ടായ സംഘർഷത്തിന് പിന്നാലെ സമരവേദി പൂർണമായും പൊളിച്ചു നീക്കിയതോടെയാണ് നീതി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയും ഗുസ്തി താരങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു. നീതി ലഭിക്കാത്തതിനാൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories