ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിക്ക് കനത്ത തിരിച്ചടി. കേസിൽ തന്നെ പ്രതിയാക്കിയ നടപടിയും അറസ്റ്റും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നടപടിക്രമങ്ങളിൽ യാതൊരുവിധ വീഴ്ചയുമില്ലെന്നും അറസ്റ്റ് നിയമപരമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസ് ഉടമയായ പങ്കജ് ഭണ്ഡാരി, സ്വർണ്ണ വ്യാപാരിയായ ഗോവർധനൻ എന്നിവരെയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മതിയായ കാരണങ്ങളില്ലാതെയാണ് പോലീസ് തന്നെ പ്രതിയാക്കിയതെന്നും അതിനാൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്നുമായിരുന്നു ഭണ്ഡാരിയുടെ പ്രധാന വാദം. എന്നാൽ, കൃത്യമായ തെളിവുകളുടെയും ബോധ്യപ്പെടുന്ന കാരണങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് കോടതി വ്യക്തമാക്കി. സ്വർണ്ണം കവർന്നതിലും സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും ഭണ്ഡാരിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ എഫ്.ഐ.ആറിലും റിമാൻഡ് റിപ്പോർട്ടിലും ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സ്വർണ്ണം സ്വമേധയാ കൈമാറിയിരുന്നുവെന്നുമുള്ള ഭണ്ഡാരിയുടെ വാദങ്ങൾ കോടതി പരിഗണിച്ചില്ല. 90 ദിവസം പൂർത്തിയാകുമ്പോൾ ലഭിക്കുന്ന സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കുകയല്ലാതെ പങ്കജ് ഭണ്ഡാരിക്ക് ഇപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ മറ്റു മാർഗങ്ങളില്ലെന്ന് കോടതി ഉത്തരവ് വ്യക്തമാക്കുന്നു.
നേരത്തെ അന്വേഷണം വൈകുന്നതിലും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചിട്ടുള്ള ഇതേ സിംഗിൾ ബെഞ്ച് തന്നെയാണ് ഇപ്പോൾ പോലീസിന്റെ നടപടികൾ നിയമവിധേയമാണെന്ന് നിരീക്ഷിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ കേസിൽ കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.