Share this Article
News Malayalam 24x7
വ്യാജ ആധാര്‍ ആരോപണം; K.C വേണുഗോപാലിന് നോട്ടീസയച്ച് CPIM
KC Venugopal Over Aadhaar Allegations

സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് സിപിഐഎം വക്കീൽ നോട്ടീസ് അയച്ചു. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫിനെയും സിപിഐഎമ്മിനെയും കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കാൻ ബോധപൂർവം നടത്തിയ പ്രസ്താവനയാണിതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വേണുഗോപാലിന്റെ ആരോപണം തികച്ചും അവാസ്തവമാണെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.


തന്റെ പ്രസ്താവന പിൻവലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്ന് വേണുഗോപാലിനോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകാനാണ് സിപിഐഎം തീരുമാനം. കഴിഞ്ഞ ദിവസമാണ് വാർത്താസമ്മേളനത്തിനിടെ വേണുഗോപാൽ ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories