ന്യൂഡൽഹി: CJP പാർലമെന്റ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജിൽ വിദ്യാർത്ഥികൾക്കടക്കം ഗുരുതര പരിക്കേറ്റതിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത് പോലീസ്.രാഹുലിന്റെ മുഖത്ത് മുറിവേറ്റു. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിടുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി ഉണ്ടായത്. പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് നടത്തുന്ന സിജെപി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് കോൺഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പല എംപിമാർക്കും പരിക്കേറ്റു. വനിതകളുൾപ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയാണ്.
എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി. അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുലുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. തുടർന്ന്, മന്ത്രി തിരികെ പോയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.
സിജെപി പ്രതിഷേധത്തിനുനേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ സമരം ആരംഭിച്ചത്.