പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇസ്ലാമാബാദിലെ ജില്ലാ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ, സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ആരോപണം. ഇന്ത്യയുടെ പിന്തുണയോടെ ഫിറ്റ്ന അല്‍-ഖവാരിജും ഫിറ്റ്ന അല്‍-ഹിന്ദുസ്ഥാനും നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഷഹബാസ് ഷെരീഫ് സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ഇത്തരം നീചമായ ഗൂഢാലോചനകളെ ലോകം അപലപിക്കേണ്ട സമയമാണിതെന്നും, ആക്രമണങ്ങള്‍ മേഖലയിലെ ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെ ഏറ്റവും മോശം ഉദാഹരണങ്ങളാണെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.