ബംഗളൂരു: കർണാടകയിലെ ഹംപിയിൽ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ. മല്ലേഷ് (22), സായികുമാർ (21), ശരണബസവരാജ് (27) എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കൊപ്പൽ ജില്ലയിലെ ഗംഗാവതി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കൂട്ടബലാത്സംഗ, കൊലപാതക കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.2025 മാർച്ച് 6നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി ഭക്ഷണം കഴിച്ച് നാല് വിനോദ സഞ്ചാരികളും ഹോം സ്റ്റേ ഉടമയും ചേർന്ന് തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. ഇസ്രയേലി വനിത, ഹോംസ്റ്റേ ഉടമ, യുഎസ് പൗരനായ ഡാനിയേൽ, ഒഡീഷയിൽ നിന്നുള്ള ബിബാഷ്, മഹാരാഷ്ട്രയിൽ നിന്നുള്ള പങ്കജ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.രാത്രി ഭക്ഷണത്തിനു ശേഷം ഹോം സ്റ്റേ ഉടമയും നാല് അതിഥികളും തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് നിൽക്കുമ്പോഴാണ് ബൈക്കിൽ മൂന്ന് പേർ എത്തിയത്. പെട്രോൾ പമ്പിലേക്കുള്ള വഴി ചോദിച്ചാണ് സംഘം സമീപിച്ചത്. അടുത്ത് പെട്രോൾ പമ്പ് ഇല്ല എന്ന് പറഞ്ഞതിനെ തുടർന്ന് പണം നൽകാൻ പ്രതികൾ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ആക്രമിക്കുകയുമായിരുന്നു.യുവതികൾക്കൊപ്പമുണ്ടായിരുന്ന ഡാനിയേലും പങ്കജും ആക്രമണത്തിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. ബിബാഷിനെ അക്രമികൾ മർദിച്ച് അവശനാക്കി കനാലിൽ തള്ളി. ബിബാഷിന്റെ മൃതദേഹം പിന്നീട് പൊലീസ് കണ്ടെടുത്തു. 27കാരിയായ ഇസ്രയേലി വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമയായ 29കാരിയുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.യുവതികളുടെ ബാഗ് തട്ടിയെടുക്കയും രണ്ട് മൊബൈൽ ഫോണുകളും 9,500 രൂപയും കവർന്നെടുത്തിരുന്നു. കൊലപാതകം, ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.