Share this Article
News Malayalam 24x7
കരിമണല്‍ സ്വകാര്യവത്കരണമല്ല, പ്രതിപക്ഷം ഇല്ലാത്ത കഥകളുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല; പ്രതിപക്ഷ നേതാവ് വിഷയത്തിൽ അതൊക്കെ വല്ലാത്ത പൂതിയെന്ന് പിണറായി; ബജറ്റ് ചർച്ചയിൽ സഭയിൽ ബഹളം
വെബ് ടീം
1 hours 34 Minutes Ago
1 min read
cm

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ പിഎം ശ്രീ, കരിമണൽ, വീര്യം കുറഞ്ഞ മദ്യം വിൽക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ   മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് വിഷയത്തിൽ ഉൾപ്പെടെ ചൂടേറിയ വിഡി സതീശൻ- പിണറായി വാദപ്രതിവാദങ്ങൾക്കും  സഭ ഇന്ന് സാക്ഷ്യം വഹിച്ചു. ബജറ്റിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി സഭയിൽ  മറുപടി നൽകി. റെക്കോർഡ് ഭൂരിപക്ഷം നൽകിയാണ് ജനം യുഡിഎഫിനെ ജയിപ്പിച്ചത്. പോയ സർക്കാർ എവിടെ തോറ്റോ അവിടെയെല്ലാം ബദൽ നിർദ്ദേശങ്ങളുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. സമ്പത്ത് വ്യവസ്ഥയുടെ ആരോഗ്യം എന്താണെന്ന് വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ അവതരിപ്പിച്ചു. അത് രാഷ്ട്രീയ വിമർശനം അല്ല ആധികാരിക രേഖയാണ്. കാലത്തിനും കാലഘട്ടത്തിനും അനുസരിച്ച ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്ന ബജറ്റാണിത്. ജനസംഖ്യാപരമായ മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. പാഠ്യ പദ്ധതി പുനക്രമീകരിച്ച പുതിയ കോഴ്സുകൾ തുടങ്ങുന്നു. വയോജനങ്ങളെ സംരക്ഷിക്കണം. നന്നായി പഠിച്ചിട്ടാണ് വയോജനങ്ങൾക്കായി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നതാണ്. സാമ്പത്തികമായ വലിയ മാറ്റങ്ങളിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നികുതി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാതെ തന്നെ ഖജനാവ് നിറയ്ക്കുമെന്നും കൂട്ടിച്ചേർത്തു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നൽകുന്നതിൽ എത്ര കിട്ടി എന്നാണ് ഇപ്പോൾ ചോദിക്കുന്നതെന്നും എത്ര കിട്ടിയെന്ന് താൻ പറഞ്ഞു തരാം എന്നും മുഖ്യമന്ത്രി. ബക്കാഡി കമ്പനിയുമായി ആദ്യം സംസാരിച്ചത് ആരാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ആറുമാസത്തിനകം ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ തീരുമാനമെടുക്കാൻ അന്നത്തെ എക്സൈസ് മന്ത്രി നിർദേശിച്ചു. എം.വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന ഘട്ടത്തിലാണ് ആദ്യമായി ബക്കാഡി കമ്പനിക്കായിനീക്കം തുടങ്ങിയത്. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാൻ തീരുമാനമെടുത്തത് എൽഡിഎഫ്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തി. ഇത് ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ എന്നും മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് അനുമതി നൽകാതിരുന്നത്. ഒരു സർക്കാർ ബജറ്റ് അവതരിപ്പിക്കുമ്പോൾ ടാക്സ് നിശ്ചയിക്കുന്നത് മണിക്കൂറുകൾക്കു മുമ്പാണ്. അതിനെയാണ് ഫയൽ നീക്കം ശര വേഗത്തിൽ എന്ന് പ്രചരിപ്പിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിനുള്ള മറ്റ് സംസ്ഥാനങ്ങളിലെ നികുതി പരിശോധിച്ചു. ഏറ്റവും കൂടിയ ടാക്സ് കേരളത്തിലാണ്. വീര്യം കുറഞ്ഞ മദ്യത്തിന് കേരളത്തിലാണ് ഏറ്റവും കൂടിയ നികുതി ഏർപ്പെടുത്തിയത്. 2018/19ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 210% നികുതിയായിരുന്നു. അത് പിന്നീട് 79% ആക്കി കുറച്ചു. ജോണിവാക്കറിന്റെ കയ്യിൽ നിന്നും , ഷി വാസ് റീഗലിൻ്റെ കയ്യിൽ നിന്നും പണം വാങ്ങിയതാണോ ടാക്സ് കുറച്ചതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി.

മദ്യനയം നയപരമായ തീരുമാനമാണ്. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കണമെന്ന യുഡിഎഫ് തീരുമാനിച്ചാൽ ഇതായിരിക്കും ടാക്സ്. വീര്യം കുറഞ്ഞ മദ്യം വിൽക്കണ്ടന്ന് യുഡിഎഫ് തീരുമാനിച്ചാൽ വിൽക്കില്ല. അത് ഒരു രാഷ്ട്രീയ നിലപാടാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല. 22 ബാറുകൾ നിന്ന് 900 ബാറുകൾ ആക്കി കേരളത്തിൽ മദ്യം ഒഴിക്കിയ വരാണ് പ്രതിപക്ഷത്തിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.

ആർട്ടിഫിഷൽ ഇന്റലിജൻസ് ഈ സർക്കാർ ഉപയോഗിക്കും. മന്ത്രിമാരുടെ ഓഫീസിലും സേവനം ഉപയോഗിക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ ഗവേർണൻസ് ഉണ്ടാകും. ജനങ്ങളുടെ മേൽ നയാ പൈസയുടെ ബാധ്യത അടിച്ചേൽപ്പിക്കില്ല. വരുമാന ചോർച്ച തടയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പെൻഷൻ കമ്പനിയുടെ കടം 17,175 കോടിയാണെന്നും ഈ സർക്കാറിന്റെ തലയിലാണ് ആ കടമെന്നും പറഞ്ഞു.

പൊതുമേഖല സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്ന ഒരു വാചകം ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കും. സപ്ലൈകോയെ ലാഭത്തിൽ ആക്കും. സപ്ലെ ചെയ്ൻ മാനേജ്മൻ്റ് മോഡൽ സപ്ലെയ്കോയിൽ നടപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, പൊതു മേഖല സ്ഥാപനങ്ങൾ ശക്തവും ലാഭകരവുമാക്കുമെന്നും കൂട്ടിച്ചേർച്ചു. സർക്കാരിന്റെ ബാധ്യത കുറയ്ക്കും. കെഎസ്ഇബി ലാഭത്തിലായിരുന്നു ഇപ്പോ ഏത് അവസ്ഥയിലാണ്. കെഎസ്ഇബിയെ എൽഡിഎഫ് കടത്തിലാക്കി. കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതടക്കം കോടികളാണ് പ്രതിദിന നഷ്ടം. കെഎസ്ഇബിയെ ലാഭത്തിൽ ആക്കും. വൈദ്യുതി ചാർജ്ജ് കൂട്ടി പാവപ്പെട്ടവന്റെ തലയിൽ വയ്ക്കുന്നതല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കരിമണല്‍ സ്വകാര്യവത്കരണം എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ബജറ്റിൽ എവിടെയാണ് അങ്ങനൊരു പരാമർശമുള്ളതെന്ന് വിഡി സതീശൻ ചോദിച്ചു. ബജറ്റ് നിർദ്ദേശം വായിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷം ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണെന്ന് വിമർശിച്ച സതീശൻ, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും വാക്ക് മാറില്ലെന്നും യുടേൺ ഇല്ലെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യം. വാല്യു അഡിഷൻ മാത്രമാണ് ഉദ്ദേശിച്ചത്. കഥയുണ്ടാക്കാം. ഇല്ലാക്കഥകൾ ഉണ്ടാക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആലപ്പുഴയിലെ കരിമണൽ ആരാണ് കൊണ്ട് പോകുന്നതെന്നും ചോദിച്ചു.

പ്രക്ഷുബ്ധനാകല്ലേ എന്ന് പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ സഭയിൽ പ്രതിപക്ഷ ബഹളം. നയത്തോട് വിയോജിപ്പ് കാണും, അത് പ്രസംഗം തീർന്നിട്ട് ആകാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പ്രതിപക്ഷത്തെ നേരിടേണ്ടത് ഇങ്ങനെ അല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ആണോ പ്രതിപക്ഷത്തോട് സംസാരിക്കേണ്ടത്. യു ഹാവ് നോ റൈറ്റ് എന്ന് എങ്ങനെ ഒരു മുഖ്യമന്ത്രി പറയുമെന്ന് പിണറായി ചോദിച്ചു. നയം എന്തേന്ന് പറയാനുള്ള അവകാശം മുഖ്യമന്ത്രിക്കാണ് എന്നായിരുന്നു സ്പീക്കറുടെ മറുപടി. നയം മുഖ്യമന്ത്രി വിശദീകരിക്കട്ടെ എന്നും സ്പീക്കർ അറിയിച്ചു. നയം വിശദമാക്കുന്നതിന്നും തടസമില്ലെന്നും സ്പീക്കർ നിലപാടെടുത്തു. തടസപ്പെടുത്താൻ അവകാശം ഇല്ലെന്ന് മാത്രമാണ് സിഎം ഉദ്ദേശിച്ചതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കെ എൻ ബാലഗോപാലിന് പ്രസംഗിക്കാൻ അവസരം നൽകാത്തത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബാലഗോപാൽ നിരന്തരം ബഹളം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പുതിയ സാമ്പത്തിക പോളിസിയാണ് യുഡിഎഫിനുള്ളത്. അതിന് സ്വകാര്യ നിക്ഷേപം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ നിക്ഷേപം എല്ലാ മേഖലയിലും വേണമെന്ന് വിഡി സതീശൻ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം വരേണ്ടത്. നിക്ഷേപ സമാഹരണ കോൺക്ലേവിൽ പ്രതിപക്ഷത്തിരുന്ന് സഹകരിച്ച ആളാണ് താൻ. എൽഡിഎഫ് കാലത്തും നിക്ഷേപം ആകർഷിക്കാൻ എന്തൊക്കെ ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു. വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്കാണ് മുൻതൂക്കം. നിക്ഷേപകൻ വന്നാൽ എന്താണ് തടസം എന്ന് നോക്കും. ഒരു നിക്ഷേപകനും തിരിച്ചു പോകേണ്ടി വരില്ല. പ്രൊജക്ട് ഇംപ്ലിമൻ്റേഷന് പ്രൊട്ടോകോൾ ഉണ്ടാക്കുമെന്നും പദ്ധതികൾ അനാവശ്യമായി ഇഴയാൻ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നയാപൈസയുടെ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പിഎം ശ്രീ വിഷയത്തില്‍ മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍. ആര്‍എസ്എസ് വിഷസര്‍പ്പങ്ങള്‍ക്കു മുന്നില്‍ വച്ച വിളക്കു കൊളുത്തിയത് ഇടതുസര്‍ക്കാര്‍ ആണെന്നും പിഎം ശ്രീ പിന്‍വലിക്കാനാണോ മരവിപ്പിക്കാനാണോ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ വേണ്ടിയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും പിന്നീടു വേണ്ടെന്നു വച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ പദ്ധതി നടപ്പാക്കാനില്ലെന്നു പറഞ്ഞു ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കരിക്കുലം സ്വാതന്ത്ര്യം അടിയറവയ്ക്കില്ലെന്നും സ്‌കൂളുകള്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തതിനെതിരെ സിപിഐഎമ്മില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്ന തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് പിണറായി വിജയനെ ചൊടിപ്പിച്ചു. അതൊക്കെ വല്ലാത്ത പൂതിയാണെന്നും തന്നെ നേതാവായി തിരഞ്ഞെടുത്തതില്‍ പാര്‍ട്ടിയില്‍ ഒരു എതിര്‍പ്പു പോലും ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതിനിടെ, കരിമണല്‍ മേഖലയില്‍ സ്വകാര്യവത്കരണം എന്നത് സര്‍ക്കാര്‍ നയമല്ലെന്നും ബജറ്റില്‍ അത്തരത്തില്‍ ഒരു വാക്കു പോലും പറയുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍. ആലപ്പുഴയില്‍ കരിമണല്‍ വാരാന്‍ അനുമതി നല്‍കിയത് ആരാണെന്നും ആരാണു കൊണ്ടുപോകുന്നതെന്നും തന്നെ കൊണ്ടു പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories