ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ജൂലൈ ആദ്യവാരം ഇറാനിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന വിപുലമായ ചടങ്ങുകൾക്ക് ശേഷം ഖമനേയിയുടെ ജന്മനാടായ മഷാദിൽ മൃതദേഹം സംസ്‌കരിക്കും. ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിലും സംസ്‌കാര ശുശ്രൂഷകളിലും പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണമാണ് ഇന്ത്യക്കും ലഭിച്ചിരിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ ക്ഷണം.ഫെബ്രുവരി 28-ന് യുഎസും-ഇസ്രയേലും ഇറാനുനേരെ ആരംഭിച്ച സംയുക്ത ആക്രമണത്തിന്റെ ഭാഗമായി നടന്ന വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്.മരണം നടന്ന് മാസങ്ങൾക്കു ശേഷമാണ് ചടങ്ങുകൾ നടക്കുന്നത്. ആദ്യം, 2026 മാർച്ച് നാലിനും ആറിനും ഇടയിൽ ടെഹ്റാനിലും മഷാദിലും നടത്താനിരുന്ന സംസ്‌കാര ചടങ്ങുകൾ യുദ്ധം കാരണം മാറ്റിവെക്കുകയായിരുന്നു. ജൂലൈ മാസത്തിൽ ഇറാന്റെ വിവിധ നഗരങ്ങളിലായി ചടങ്ങുകൾ നടക്കും. ജൂലൈ നാലിനാണ് ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. ഖമനേയിയുടെ ഭൗതികശരീരം ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്സിൽ പൊതുദർശനത്തിന് വെക്കും.
ടെഹ്റാനിലും ഖ്വാമിലും പൊതു വിലാപയാത്രകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും പ്രാർത്ഥനകൾ നടക്കും. അന്തിമ സംസ്‌കാര ചടങ്ങുകൾ ജൂലൈ ഒമ്പതിന് ഖമനേയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും.