ന്യൂഡൽഹി∙ 2028ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നു യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വികസനമുന്നേറ്റത്തിൽ പങ്കാളിയാകാൻ യുകെയ്ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് മോദിയുടേതെന്ന് സ്റ്റാമെർ പറഞ്ഞു. ഇന്ത്യയിലെത്തിയതിനു ശേഷം താൻ കണ്ട കാഴ്ചകളൊക്കെയും രാജ്യം വികസന പാതയിലാണെന്നതിനു തെളിവാണെന്നും സ്റ്റാമെർ വ്യക്തമാക്കി.
യുക്രെയ്നിലും ഗാസയിലും ഉൾപ്പെടെ ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിന സന്ദർശനത്തിന് ഇന്നലെയാണ് കിയേർ സ്റ്റാമെർ ഇന്ത്യയിലെത്തിയത്. ഇന്ന് മോദിയുമായി സ്റ്റാമെർ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ ഇന്ത്യ–യുകെ സഹകരണം സംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ജൂലൈയിൽ മോദി യുകെ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം.