ആഗോളതലത്തിലെ ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാർച്ച 12 മുതൽ ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ തീരുമാനിച്ചു. ഇന്ധനവിലയിലുണ്ടായ വർദ്ധനവ് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നതോടെ വിമാനയാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.
വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളിലെ ടിക്കറ്റുകൾക്കൊപ്പം 391 രൂപ ഇന്ധന സർചാർജായി ഈടാക്കും. ഇന്ത്യയ്ക്കകത്തുള്ള എല്ലാ സർവീസുകൾക്കും ഈ നിരക്ക് ബാധകമായിരിക്കും.
മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും 391 രൂപ അധികമായി നൽകേണ്ടി വരും. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കും സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് 10 ഡോളർ (ഏകദേശം 820 രൂപയിലധികം) ആണ് അധികമായി ഈടാക്കുക.
യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്കുള്ള സർവീസുകൾക്ക് മാർച്ച് 18 മുതലായിരിക്കും ഇന്ധന സർചാർജ് ബാധകമാകുക. എന്നാൽ ഹോങ്കോങ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർചാർജ് തുക എത്രയാണെന്ന് കമ്പനികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
മറ്റ് പ്രമുഖ എയർലൈനുകളും സമാനമായ രീതിയിൽ ഇന്ധന സർചാർജ് ഏർപ്പെടുത്താൻ ഒരുങ്ങുന്നതായാണ് സൂചന. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ധന വില ഇനിയും ഉയരാൻ സാധ്യതയുള്ളത് വ്യോമയാന മേഖലയെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.