ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ദ്വാരക സ്വദേശിയായ അൽത്താഫ് തലാബ് ഖേർ ആണ് മരിച്ചത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദുബായിൽ നിന്നും യെമനിലെ മുകല്ല (Mukalla) തുറമുഖത്തേക്ക് ചരക്കുമായി പോവുകയായിരുന്ന 'അൽ ഫഹദ് നൂർ സുലൈമാനി' എന്ന കപ്പലിന് നേരെയാണ് വെടിവയ്പുണ്ടായത്. ആക്രമണം നടന്ന സമയത്ത് കപ്പലിൽ ആകെ 18 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അൽത്താഫ് ഒഴികെയുള്ള മറ്റ് 17 ജീവനക്കാരും സുരക്ഷിതരാണെന്നും ഇവരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ സെയിലിംഗ് വെസൽസ് അസോസിയേഷനാണ് മരണ വിവരം ആദ്യമായി പുറത്തുവിട്ടത്. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് കപ്പൽ ഉടമകളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. മരിച്ച അൽത്താഫിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വീണ്ടും ആശങ്കയിലാക്കുന്നതാണ് ഈ സംഭവം.