സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർണായക ഭരണഘടനാ ഭേദഗതി നടപടികളുടെ ഭാഗമായി രാഷ്ട്രപതിയുടെ റഫറൻസ് കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ന് (ജൂലൈ 1) ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ചരിത്രപരമായ ഈ പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കിയത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഇപ്രകാരമൊരു റഫറൻസ് ആദ്യമായാണ് രാഷ്ട്രപതിയിൽ നിന്ന് ലഭിക്കുന്നതെന്നും ഇത് സഭയ്ക്ക് ചരിത്രനിമിഷമാണെന്നും സ്പീക്കർ എ.എൻ. ഷംസീർ സഭയെ ഓർമ്മിപ്പിച്ചു. തുടർന്ന് സഭാംഗങ്ങളുടെ ഏകദേശ സമവായത്തോടെ (Consensus) ബില്ലിന്റെ ശീർഷകത്തിനും ദീർഘ ശീർഷകത്തിനും സഭ ഔദ്യോഗികമായി അനുമതി നൽകുകയായിരുന്നു.
സംസ്ഥാന നിയമസഭ അംഗീകരിച്ച ഈ കരട് ബിൽ ഇനി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. തുടർന്ന്, രാഷ്ട്രപതിയുടെ മുൻകൂട്ടിയുള്ള അനുമതിയോടെ കേന്ദ്ര സർക്കാർ ‘കേരള (പേര് മാറ്റൽ) ബിൽ’ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കും. ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തേണ്ടതുളളതിനാൽ ലോക്സഭയും രാജ്യസഭയും ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാകും ഔദ്യോഗിക പേരുമാറ്റം നിയമപരമായി പൂർത്തിയാകുക .
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് 2023 ഓഗസ്റ്റിലും പിന്നീട് സാങ്കേതിക തിരുത്തലുകളോടെ 2024 ജൂണിലും നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയിൽ തത്വത്തിൽ അംഗീകാരം നൽകിയതിനെത്തുടർന്നാണ് ഭരണഘടനയുടെ മൂന്നാം അനുച്ഛേദം അനുസരിച്ച് നിയമസഭയുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് രാഷ്ട്രപതി ബിൽ സംസ്ഥാനത്തിന് റഫർ ചെയ്തത്. ഈ ചരിത്രപരമായ നടപടിക്രമമാണ് ഇന്ന് നിയമസഭ പൂർത്തിയാക്കിയത്.