സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 20 കിലോ അരി വീതം വിതരണം ചെയ്യുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി വെളിച്ചെണ്ണയുടെ വില ഓഗസ്റ്റ് 25 മുതൽ വീണ്ടും കുറയ്ക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടികൾ ശക്തമാക്കുന്നത്. വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താൻ സർക്കാരിന് സാധിച്ചുവെന്ന് മന്ത്രി അവകാശപ്പെട്ടു. ഓഗസ്റ്റ് 25-ന് ഓണച്ചന്തകൾ ആരംഭിക്കുന്നതോടെ സബ്സിഡി വെളിച്ചെണ്ണയുടെ വിലയിൽ വീണ്ടും കുറവുണ്ടാകും.
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് സെപ്റ്റംബർ മാസത്തെ സബ്സിഡി സാധനങ്ങൾ ഓഗസ്റ്റ് 25 മുതൽ റേഷൻ കടകൾ വഴി മുൻകൂറായി വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ സബ്സിഡി ഉൽപ്പന്നങ്ങൾ വാങ്ങിയ എല്ലാ കുടുംബങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി ജി.ആർ. അനിൽ കൂട്ടിച്ചേർത്തു. ഓണവിപണി സുഗമമാക്കുന്നതിനായി രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ ഇതിനകം സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.