രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചുകൊണ്ടുള്ള റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സാധാരണക്കാരെയും ദീർഘദൂര യാത്രക്കാരെയും ബാധിക്കുന്ന രീതിയിലാണ് പുതിയ നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസ വീതമാണ് വർദ്ധിപ്പിച്ചത്. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി, എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയുടെ വർദ്ധനവുണ്ടാകും.
50 കിലോമീറ്റർ വരെയുള്ള ചെറിയ യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഏകദേശം 10 രൂപയോളം വരെ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ 215 കിലോമീറ്ററിൽ താഴെയുള്ള ഓർഡിനറി ക്ലാസ് യാത്രക്കാരെയും സബർബൻ ട്രെയിനുകളെയും സീസൺ ടിക്കറ്റുകളെയും പുതിയ നിരക്ക് വർദ്ധനവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കൂട്ടിയതിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ക്രിസ്മസ്, പുതുവർഷ സീസണുകളിൽ ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ വർദ്ധനവ് ഒരു അധിക സാമ്പത്തിക ഭാരമാകും.