ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും ജയിലിലെത്തി അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. എസ്.പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.
കേസിലെ നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി നാളെ ദേവസ്വം ബോർഡ് അംഗങ്ങളുടെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തും. സ്വർണ്ണപ്പാളി വിവാദത്തിൽ അജണ്ട നോട്ടീസ് തിരുത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, കേസിൽ വഴിത്തിരിവാകാവുന്ന വിവരങ്ങളാണ് ചെന്നൈയിൽ നിന്നും ലഭിക്കുന്നത്. വിദേശ വ്യവസായി നൽകിയ മൊഴിയിൽ പറയുന്ന 'ഡി മണി'യെ ഇന്റലിജൻസ് വിഭാഗം ചെന്നൈയിൽ വെച്ച് തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഡി മണിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പുരാവസ്തു കടത്തുമായി ബന്ധപ്പെട്ട വലിയൊരു സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും സൂചനയുണ്ട്.
നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ഡി മണി വാങ്ങിയെന്നും ഇതിനായി നൽകിയ പണം കേരളത്തിലെ ഒരു ഉന്നതനിലേക്കാണ് എത്തിയതെന്നുമാണ് വിദേശ വ്യവസായിയുടെ മൊഴി. ഡി മണിക്ക് അന്താരാഷ്ട്ര തലത്തിലും തമിഴ്നാട്ടിലെ ക്രിമിനൽ സംഘങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകൾക്ക് വിദേശ ബന്ധമുള്ളതിനാൽ കേസ് സിബിഐ ഏറ്റെടുക്കാനുള്ള സാധ്യതകളും തെളിയുന്നുണ്ട്. ഡി മണിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം. ഇതോടെ സ്വർണ്ണക്കവർച്ചാ കേസിലെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.