 
                                 
                        മുംബെെ: സമൂഹമാധ്യമത്തിലേക്കായി റീൽസ് ചിത്രീകരിക്കുന്നതിനിടെ വീണ്ടും ട്രെയിനിടിച്ച് മരണം. മഹാരാഷ്ട്രയിലാണ് അപകടകരമായ രീതിയിൽ മൊബെെലിൽ വീഡിയോ എടുക്കുകയും യുവാവ് കൊല്ലപ്പെടുകയും ചെയ്തത്. മഹാരാഷ്ട്രയിലെ അൽസാനയിലാണ് സംഭവം. ബുൾദാന സ്വദേശിയായ മുഹമ്മദ് നദീം (22) ആണ് മരിച്ചത്.ട്രെയിൻ ദൂരെനിന്ന് വരുന്നത് കണ്ടിട്ടും സാഹസികമായി ട്രാക്കിന് തൊട്ടടുത്ത് നിന്നുകൊണ്ടുള്ള വീഡിയോ എടുക്കാൻ നദീം സുഹൃത്തിനോട് ആവശ്യപ്പെട്ടു.ശരവേഗത്തിൽ പാഞ്ഞെത്തിയ ട്രെയിൻ നദീമിനെ ഇടിച്ചിട്ട് പോവുകയായിരുന്നു.
അൽസാനയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു നദീം . ചടങ്ങിന് ശേഷം അടുത്തുള്ള റെയിൽവേ ട്രാക്ക് കണ്ടതോടെ സുഹൃത്തുക്കളെയും കൂട്ടി റീൽസ് എടുക്കാനായി ട്രാക്കിലെത്തുകയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നു.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഷിയാഗോൺ സീനിയർ പൊലിസ് ഇൻസ്‌പെക്‌ടർ പീതാംബർ ജാദവ് അറിയിച്ചു. പൊലിസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി .
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    