ഷാര്‍ജയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് മരിച്ച അതുല്യയുടെ മരണത്തിൽ ഷാര്‍ജ പൊലീസിൽ പരാതി നൽകാൻ കുടുംബം. മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കുന്നുത്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികളും ഇന്ന് തുടങ്ങിയേക്കും. ഏറെ ദൂരുഹതയുള്ള മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍ ഏറെ നിര്‍ണായകമാണ്. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതുല്യയുടെ ഭർത്താവ് സതീഷനെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങി. ആവശ്യമെങ്കിൽ ലുക്ക് നോട്ടീസ് പുറത്തിറക്കും. സതീഷിൻ്റെ ക്രൂരത ചിത്രീകരിച്ച മൊബൈൽ ഫോൺ ഉടൻ കണ്ടെടുക്കും. അതുല്യയുടെ കുടുംബത്തിൻ്റെ വിശദമായ മൊഴിയും രേഖപ്പെടുത്തും. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കരുനാഗപ്പള്ളി എസിപി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അതുല്യയുടെ കുടുംബത്തിൻ്റെ പരാതിയിൽ സതീഷിനെതിരെ പൊലീസ് കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു.