Share this Article
News Malayalam 24x7
ദേശീയതയെ വക്രീകരിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു; തിരുത്താൻ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് മുറവിളി കൂട്ടുന്നു’,ആത്മപരിശോധന നടത്തേണ്ട സന്ദർഭമെന്ന് മുഖ്യമന്ത്രി
വെബ് ടീം
posted on 14-08-2025
1 min read
cm

തിരുവനന്തപുരം: ദേശീയതയെ വക്രീകരിച്ചു ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ ഭരണനയങ്ങളെ വിമർശിച്ചു തിരുത്താൻ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് മുറവിളി കൂട്ടുകയാണ് ഈ ശക്തികളെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ താറടിച്ചുകാണിക്കാനാണ് പ്രതിലോമ ശക്തികൾ മുതിരുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ വർഗീയ ധ്രുവീകരണത്തിനു കോപ്പുകൂട്ടുകയാണ്. ഉന്നതമായ ജനാധിപത്യ സംസ്കാരം പുലരുന്ന ഒരു രാഷ്ട്രത്തിനു ചേർന്നതാണോ ഈ പ്രവണതകളെന്ന് നാം ആത്മപരിശോധന നടത്തേണ്ട സന്ദർഭം കൂടിയാണ് ഈ സ്വാതന്ത്ര്യദിനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിന്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യം. പ്രാദേശികവും ഭാഷാപരവും സമുദായികപരവുമായ വൈവിധ്യങ്ങളുടെ കലവറയാണ് ഈ രാജ്യം. ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയാണ് നാം.

നമ്മുടെ ജനാധിപത്യ സംസ്കാരമെന്നത്  മാനവികതയിലും പരസ്പരസ്നേഹത്തിലും  അടിയുറച്ചതാണ്. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള രാജ്യമായി ഇന്ത്യയെ മാറ്റിത്തീർക്കുകയെന്നത് രാഷ്ട്രനിർമാതാക്കൾ നമുക്ക് കൈമാറിയ വലിയ കടമ കൂടിയാണ്. ഇന്നലെകൾ നൽകിയ കരുത്തും പാഠങ്ങളും ഉൾക്കൊണ്ട് ഒരു പുതിയ നാളെ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം നമുക്ക്ഊർജം പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories