ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിൽ ഇന്നലെ രാത്രിയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഒട്ടേറെപ്പേരെ കാണാതായതായി അധികൃതർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെയും (NDRF) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (SDRF) നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് വിവേക് പ്രകാശ് അറിയിച്ചു.