വലിയ കോർപ്പറേറ്റ് കമ്പനികളുടെ ഇന്റർനെറ്റ് സേവനങ്ങളേക്കാൾ മികച്ച വേഗത തനിക്ക് ലഭിക്കുന്നത് കേരളവിഷൻ ബ്രോഡ്ബാൻഡ് വഴിയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത് തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേബിൾ ടിവി ഓപ്പറേറ്റർമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഓഫീസുകളിലും വീട്ടിലുമെല്ലാം വലിയ കമ്പനികളുടെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഉപയോഗിച്ചിരുന്നതായും എന്നാൽ അതൊന്നും വിജയിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
"ആവശ്യത്തിന് പണം കൊടുത്തിട്ടും നെറ്റ് സ്ലോ ആയി കമ്പ്യൂട്ടറിൽ വട്ടം കറങ്ങുന്നത് കാണേണ്ടി വന്നു. എന്നാൽ കേരളത്തിലെ തനതായ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ കൂട്ടായ്മയായ കേരളവിഷൻ ബ്രോഡ്ബാൻഡ് ഉപയോഗിച്ചപ്പോൾ വളരെ നല്ല റിസൾട്ടാണ് ലഭിച്ചത്. വലിയ പ്രമാണിമാർക്ക് കിട്ടാത്ത വേഗതയും സൗകര്യങ്ങളും സേവനവുമാണ് പ്രാദേശികമായി ലഭിക്കുന്നത്," മന്ത്രി പറഞ്ഞു.
കേരളവിഷന്റെ പേര് പറഞ്ഞുകൊണ്ട് ഇത് പറയുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയായി വന്നപ്പോൾ ആർടിഒ ഓഫീസുകളിൽ ഉണ്ടായിരുന്ന തകരാറുകൾ പരിഹരിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. അഗ്രിമെന്റുകൾ ഒന്നും നോക്കാതെ, ഏറ്റവും വേഗത ലഭിക്കുന്ന ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ഏതാണോ അത് തിരഞ്ഞെടുക്കാൻ താൻ നിർദ്ദേശിച്ചതോടെ കാര്യങ്ങൾ വേഗത്തിലായെന്നും മന്ത്രി വ്യക്തമാക്കി.