ശബരിമല സ്വർണ്ണക്കലശ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതിന് യുഡിഎഫ് കൺവീനറും മുൻ മന്ത്രിയുമായ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) നീക്കം തുടങ്ങി. മൊഴിയെടുക്കുന്നതിനായി ഉടൻ തന്നെ അടൂർ പ്രകാശിന് നോട്ടീസ് നൽകുമെന്നാണ് സൂചന.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഡൽഹിയിൽ സോണിയാ ഗാന്ധിക്കും അടൂർ പ്രകാശിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങൾ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ കോൺഗ്രസിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു.
ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ, ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ, ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ചകൾ നടത്തിയത് എന്തിനാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് കേസിൽ നിർണ്ണായകമായേക്കാവുന്ന ഈ നീക്കം SIT-യുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധത്തിന്റെ സ്വഭാവം കണ്ടെത്താനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്.