ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി കോടതിയിൽ ഹാജരാക്കി. ഈ മാസം ഒക്ടോബർ 30 വരെ 14 ദിവസത്തേക്ക് കോടതി ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് കേസുകളിലാണ് നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2019-ൽ ചെമ്പുപലകകളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട സ്വർണ്ണ മോഷണവും, ശബരിമല ശ്രീകോവിലിന്റെ കട്ട്ളപ്പാലികളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട തട്ടിപ്പുമാണ് ഈ കേസുകൾ. വഞ്ചന, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർണായകമായ വിവരങ്ങൾ കൈമാറിയതായാണ് അന്വേഷണ സംഘം നൽകുന്ന സൂചന. 2019-ൽ സ്വർണ്ണത്തിന്റെ തൂക്കം കുറഞ്ഞതുമായി ബന്ധപ്പെട്ടും, അതുപോലെ സ്മാർട്ട് ക്രിയേഷൻസ് എന്ന ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഇടപെടലുകളെക്കുറിച്ചും ഇദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. സ്വർണ്ണം ഉരുക്കി മാറ്റിയശേഷം അവശേഷിച്ച 445 ഗ്രാം സ്വർണ്ണം തനിക്ക് ലഭിച്ചുവെന്നും, എന്നാൽ അത് ദേവസ്വം ബോർഡിന് തിരികെ നൽകിയിട്ടില്ലെന്നും പോറ്റി മൊഴി നൽകി. ഈ സ്വർണ്ണം എവിടെ പോയി എന്നത് സംബന്ധിച്ചാണ് പ്രധാനമായും ഇനി തെളിവെടുപ്പ് നടക്കുക.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. മുൻ മാനേജർ മുരാരി ബാബു, ശബരിമല മരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ സുനിൽ കുമാർ എന്നിവരടക്കമുള്ളവരെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ്, അതുപോലെ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഷ്ടിച്ച സ്വർണ്ണം എവിടെയാണ് വിറ്റഴിച്ചത്, അതിൽ ആർക്കൊക്കെ പങ്കുണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശമുള്ളതിനാൽ അന്വേഷണ വിവരങ്ങൾ രഹസ്യസ്വഭാവത്തോടെയായിരിക്കും മുന്നോട്ട് കൊണ്ടുപോകുക. മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെക്കരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ പ്രതികളിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് സൂചന.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ