ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം റാന്നിയിലേക്ക് തിരിച്ചു. ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് കേസുകളിലാണ് നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. 2019-ൽ ചെമ്പുപലകകളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട സ്വർണ്ണ മോഷണവും, ശബരിമല ശ്രീകോവിലിന്റെ പ്രധാന കട്ട്ളപ്പാലികളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട തട്ടിപ്പുമാണ് ഈ രണ്ട് കേസുകൾ. വഞ്ചന, ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് രാവിലെ ഏഴരയോടെ അന്വേഷണ സംഘം ഇദ്ദേഹവുമായി റാന്നിയിലേക്ക് തിരിച്ചത്.
അന്വേഷണ സംഘത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. 2019-ൽ സ്വർണ്ണത്തിന്റെ തൂക്കം കുറഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങളും അതിൽ ഉൾപ്പെട്ടവരെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇതിൽ ദേവസ്വം ബോർഡ് വിജിലൻസിനും പ്രത്യേക അന്വേഷണ സംഘത്തിനും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അന്നത്തെ ദേവസ്വം ബോർഡ് മാനേജരായിരുന്ന മുരാരി ബാബു, ശബരിമല മരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്ന സുനിൽ കുമാർ എന്നിവരടക്കമുള്ളവരെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് എന്ന ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഇടപെടലുകളിലും സംശയങ്ങളുണ്ടെന്നും ഈ സംശയങ്ങൾ ദുരീകരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിലവിൽ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൂടുതൽ അറസ്റ്റുകളിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് സൂചന. ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശമുള്ളതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടരുതെന്നും മാധ്യമങ്ങളിൽ വാർത്തയാക്കരുതെന്നും കോടതിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.