സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതുക്കിയ പട്ടിക പ്രകാരം 2.69 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് വ്യാപകമായ പരിശോധനകൾക്ക് ശേഷം 53,229 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച പരാതികളിൽ വിശദമായ ഹിയറിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടികയ്ക്ക് രൂപം നൽകിയത്. പട്ടികയിൽ ഇരട്ടിപ്പുള്ളവരെയും അനർഹരെയും നീക്കം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. മരിച്ചവർ, വിദേശ പൗരത്വം നേടിയവർ, നിശ്ചിത സ്ഥലത്തുനിന്നും സ്ഥിരമായി താമസം മാറിപ്പോയവർ എന്നിവരെയാണ് പ്രധാനമായും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാലും അർഹരായവർക്ക് പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പുതുതായി വോട്ട് ചേർക്കേണ്ടവർക്കും പേര് വിട്ടുപോയവർക്കും ഓൺലൈൻ സംവിധാനം വഴി അപേക്ഷ നൽകാം. കൂടാതെ, പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ പരാതിയുള്ളവർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപ്പീൽ നൽകാനുള്ള സൗകര്യവുമുണ്ടാകും. വോട്ടർമാർക്ക് തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പോ ഉപയോഗിക്കാവുന്നതാണ്.