ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനം നടന്ന സിഗ്നലിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അന്വേഷണത്തിനായി 10 അംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പുറത്തുവന്ന ദൃശ്യങ്ങളിൽ, സ്ഫോടനത്തിന് തൊട്ടുമുമ്പ് റോഡിലൂടെ കാർ ഓടിച്ചുപോകുന്നതും ട്രാഫിക് സിഗ്നലിൽ നിർത്തിയപ്പോൾ സ്ഫോടകവസ്തുക്കൾ ധൃതിപ്പെട്ട് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുന്നതുമെല്ലാം വ്യക്തമാണ്.
സ്ഫോടനത്തിൽ കാറോടിച്ചിരുന്ന ഉമർ നബി പരിഭ്രാന്തനാവുകയും കാറിലുണ്ടായിരുന്ന സ്ഫോടകവസ്തു ശേഖരം മാറ്റാൻ നിർബന്ധിതനാകുകയും ചെയ്തു. സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത രണ്ട് കാറുകളും ദിവസങ്ങളോളം പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായും ഇത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പുറത്തുവന്ന ദൃശ്യങ്ങൾ അനുസരിച്ച്, ഒക്ടോബർ 10 ന് കാർ മയൂർ വിഹാറിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ നിന്ന് കനോട്ട് പ്ലേസിലേക്ക് പോയ ഇയാൾ ഒരു മണിക്കൂറോളം കാറിൽ ചെലവഴിച്ചു. അതിനുശേഷം ചാന്ദ്നി ചൗക്ക് മാർക്കറ്റിന് അടുത്തുള്ള സുനേരി മസ്ജിദിന്റെ പാർക്കിംഗ് സ്ഥലത്താണ് കാർ പാർക്ക് ചെയ്തിരുന്നത്. ഒക്ടോബർ 21 മുതൽ നവംബർ 10 വരെ ഈ കാർ ഡോ. ഉമർ നബിയും മുസമ്മിൽ ഷക്കീൽ അടക്കമുള്ള ഡോക്ടർമാരും ജോലി ചെയ്തിരുന്ന അൽഫലാ മെഡിക്കൽ കോളേജിന്റെ കാമ്പസിലെ പാർക്കിംഗ് സ്പേസിൽ 10 ദിവസത്തോളം നിർത്തിയിട്ടിരിക്കുകയായിരുന്നു.
അന്വേഷണ സംഘത്തെ നയിക്കുന്നത് എഡിജിപി വിജയ് സാഖറെയാണ്. സംഘത്തിൽ ഒരു ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ, നാല് ഡിവൈഎസ്പിമാർ എന്നിവർ ഉൾപ്പെടുന്നു. ഇവർ ജമ്മു കശ്മീർ, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലേക്കും പോകും. അതാത് സംസ്ഥാനങ്ങളിലെ പ്രതികളുമായി ബന്ധപ്പെട്ട ജനനം, പഠിച്ച സ്ഥലങ്ങൾ, ബന്ധുക്കൾ, പരിചയക്കാർ എന്നിവരെ ചോദ്യം ചെയ്യും. ഇവരുടെ ഒളിത്താവളങ്ങളിൽ പരിശോധന നടത്താനും കൂടുതൽ ആളുകളെ കണ്ടെത്താനും വേണ്ടിയാണ് ഈ ചോദ്യം ചെയ്യൽ.
ഈ സ്ഫോടനം ആസൂത്രിത ചാവേർ ആക്രമണമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ ഡൽഹിയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചല്ല സ്ഫോടനം നടന്നതെന്നും സ്ഥിരീകരിച്ചു.