ശബരിമല സ്വർണ്ണക്കവർച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് രേഖകളും എഫ്.ഐ.ആർ പകർപ്പുകളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി ഈ രേഖകൾ ആവശ്യപ്പെടുന്നത്.
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളിയും വാതിൽപ്പടിയിലെ സ്വർണ്ണപ്പാളിയും മോഷണം പോയ രണ്ട് കേസുകളിലെ എഫ്.ഐ.ആർ പകർപ്പുകളും അനുബന്ധ രേഖകളുമാണ് ഇ.ഡി ആവശ്യപ്പെടുന്നത്. നേരത്തെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വിചാരണക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയത്.
അതേസമയം, ഇ.ഡിക്ക് രേഖകൾ കൈമാറുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കുന്നുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന രഹസ്യ അന്വേഷണമായതിനാൽ ഇ.ഡിക്ക് രേഖകൾ നൽകരുതെന്നാണ് സർക്കാർ നിലപാട്. കോടതിയുടെ തീരുമാനം ഈ കേസിലെ തുടർ അന്വേഷണത്തിൽ നിർണ്ണായകമാകും. ഇ.ഡിക്ക് രേഖകൾ ലഭിച്ചാൽ കേസ് അന്വേഷണം പുതിയ തലങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.