ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അദ്ദേഹം തമിഴ്നാട്ടിലേക്ക് കടന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ലഭിച്ച വിവരം. ഇതേത്തുടർന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു.
രാഹുൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും എത്തിയതായാണ് പൊലീസിന്റെ നിഗമനം. ഇന്നലെ അദ്ദേഹം പൊള്ളാച്ചിയിൽ ഉണ്ടായിരുന്നതായി എസ്.ഐ.ടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. പാലക്കാട് നിന്ന് ഏകദേശം 45 കിലോമീറ്റർ മാത്രം അകലെയുള്ള തമിഴ്‌നാട് അതിർത്തിയിലേക്ക് എളുപ്പത്തിൽ കടക്കാമെന്നത് കണക്കിലെടുത്താണ് അന്വേഷണം ഈ മേഖലകളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിക്കാൻ പുതിയ ഫോണും സിം കാർഡുമാണ് രാഹുൽ ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഒരു കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള പോളോ കാറിലാണ് രാഹുൽ സഞ്ചരിക്കുന്നതെന്ന നിർണായക വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ പി.എമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭ്യമായത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രാഹുലിനെ പിടികൂടാനുള്ള നീക്കങ്ങൾ ഊർജിതമാക്കി.