തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ.) സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ. നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നില്ല. കേസ് പരിഗണിക്കുന്നതിനായി നിശ്ചയിച്ച പ്രത്യേക സിറ്റിംഗ് കോടതി റദ്ദാക്കി. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.
ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ. സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. സംഭവത്തിന് ശേഷം വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന നടൻ വിജയ് ഇന്ന് ചെന്നൈയിലെ പട്ടിനപ്പാക്കത്തുള്ള മറ്റൊരു വീട്ടിലേക്ക് പോയി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും വിജയിയുമായും ഫോണിൽ സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞു. ദുരന്തത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ ചെന്ന് കാണുകയും ചെയ്തു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. 50-ഓളം പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.എ.ഡി.എസ്.പി. പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.