മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന പ്രിയതാരത്തിന്റെ തിരിച്ചുവരവ് നിർമ്മാതാവ് ആന്റോ ജോസഫാണ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. ഇതോടെ ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമായി.
"ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി," എന്നായിരുന്നു ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് എസും സന്തോഷം പങ്കുവെച്ചു. "സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു," എന്ന് തുടങ്ങുന്ന വൈകാരികമായ കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ചുകാലമായി ചെന്നൈയിൽ ചികിത്സയിലായിരുന്ന മമ്മൂട്ടി, പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ ആദ്യവാരം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ അദ്ദേഹം ജോയിൻ ചെയ്യും. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവരും അണിനിരക്കുന്ന ഒരു മൾട്ടി-സ്റ്റാർ ചിത്രമാണിത്. ഈ സിനിമയുടെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം ഇടവേളയെടുത്തത്.
താരത്തിന്റെ അഭാവം സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചയായിരുന്നു. എന്നാൽ, എല്ലാ ആശങ്കകളും അവസാനിപ്പിച്ചുകൊണ്ട് മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മലയാള സിനിമാ ലോകം. 'കളങ്കാവൽ' ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.