Share this Article
image
ഒഴിവായത് വന്‍ദുരന്തം;സിസി ടിവി ദൃശ്യങ്ങൾ പുറത്ത്;പുലർച്ചെ ഒന്നരയോടെ കാനുമായി ട്രെയിനിലേക്ക്
വെബ് ടീം
posted on 01-06-2023
1 min read
CC TV visuals of Train Fire out

കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ ബോഗി കത്തിനശിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ദുരന്തം. തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അന്വേഷണ ഏജന്‍സികള്‍ അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കൂ എന്നാണ് റെയില്‍വേയുടെ വിശദീകരണം. 

അതിനിടെ കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തി. കോച്ചിന് തീപിടിക്കുന്നതിന് തൊട്ടുമുന്‍പ് കാനുമായി ബോഗിയിലേക്ക് ഒരാള്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിപിസിഎല്‍ ഇന്ധനസംഭരണശാലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത്, അതുവഴിയാകാം കോച്ചിന് തീയിടാന്‍ ഇന്ധനം ഒഴിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തീപിടിച്ച കോച്ച് പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. അതിനിടെ സംഭവത്തെ കുറിച്ച് റെയില്‍വേ പൊലീസില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ഇപ്പോള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.

രാത്രി ഒന്നരയോടെ ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ബോഗിയില്‍ തീപിടിത്തമുണ്ടായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ആര്‍ക്കും പരിക്കില്ല. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. അതിനാല്‍ റെയില്‍വേ പൊലീസ് അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്‍ജിനുമായി ബന്ധമില്ലാത്ത സ്ഥിതിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത പൂര്‍ണമായും റെയില്‍വേ പൊലീസ് തള്ളുന്നുമില്ല.

രാത്രി പതിനൊന്നോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ ഒരു ബോഗിയാണ് പൂര്‍ണമായും കത്തിനശിച്ചത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല.തീ ഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories