യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. അഴിമതി ആരോപണങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ, യുവമോർച്ച തുടങ്ങിയ സംഘടനകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇന്ന് രാഹുലിൻ്റെ അടൂരിലെ വീടിന് മുന്നിലേക്കും പാലക്കാട്ടെ ഔദ്യോഗിക വസതിയിലേക്കും പ്രതിഷേധ മാർച്ച് നടക്കും. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുലിന്റെ കോലം കത്തിച്ചും, അദ്ദേഹത്തിനെതിരായ പോസ്റ്ററുകൾ പതിച്ചും പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു. ജീർണ്ണിച്ച രാഷ്ട്രീയത്തിന്റെ പ്രതീകമാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ പകരം ആര് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ യൂത്ത് കോൺഗ്രസ്സിൽ സജീവമായി. നിലവിലെ വൈസ് പ്രസിഡൻ്റുമാരിൽ ഒരാൾക്ക് താൽക്കാലിക ചുമതല നൽകണോ അതോ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണോ എന്ന കാര്യത്തിൽ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്കിടയിൽ കൂടിയാലോചനകൾ നടക്കുകയാണ്.
അബിൻ വർക്കി, ഒ.ജെ. ജനീഷ്, കെ.എം. അഭിജിത്ത്, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. എന്നാൽ, നിലവിൽ കെഎസ്‌യു, കെപിസിസി, മഹിളാ കോൺഗ്രസ് എന്നീ സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ ഇല്ലാത്തതിനാൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ന്യൂനപക്ഷത്തിൽ നിന്നൊരാൾ വരണമെന്ന വാദവും ശക്തമാണ്. ഇത് അബിൻ വർക്കിയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
സംഘടന വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്ത് പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാൻ കഴിവുള്ള ഒരു നേതാവിനെ കണ്ടെത്താനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ