ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സപ്ലൈകോ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
13 ഇനം സബ്സിഡി സാധനങ്ങളാണ് ഇത്തവണ ഓണച്ചന്തകളിലൂടെ പ്രധാനമായും ലഭ്യമാക്കുക. ഇതിന് പുറമെ, മറ്റ് അവശ്യസാധനങ്ങളും വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാം. എല്ലാ ജില്ലകളിലും ഓണം മേളകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മാവേലി സ്റ്റോറുകൾ എത്താത്ത വിദൂര പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകളും ഇത്തവണത്തെ പ്രത്യേകതയാണ്. അതേസമയം, സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.