ഈ മാസം 20-ന് പമ്പയിൽ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 3000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സംഗമത്തിൽ 5000 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
രാവിലെ 8 മണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന പരിപാടികൾ ഉച്ചയ്ക്ക് 3.50-ന് സമാപന സംഗമത്തോടെ അവസാനിക്കും.
പമ്പാ തീരത്ത് സംഗമത്തിൽ പങ്കെടുക്കുന്നവർക്കായി മൂന്ന് പന്തലുകൾ നിർമ്മിക്കുന്നുണ്ട്. ഭക്തിഗാനമേള ഉൾപ്പെടെയുള്ള പരിപാടികളും ഇവിടെ നടക്കും.
പമ്പയിൽ ആളുകൾക്ക് താമസിക്കാൻ ആവശ്യമായ സൗകര്യങ്ങളോ സ്ഥലമോ ഇല്ലാത്തതുകൊണ്ട്, പത്തനംതിട്ട എരുമേലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കും.
ഇവർക്ക് താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അയ്യപ്പ ദർശനം നടത്താനായി പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.
4 കോടിയോളം രൂപയാണ് ഈ ഒരു ദിവസത്തെ സംഗമത്തിനായി പ്രതീക്ഷിക്കുന്ന ചെലവ്.
പരിസ്ഥിതി ലോലപ്രദേശമായ പമ്പാ തീരത്ത് സംഗമം നടത്താൻ പാടില്ലെന്ന് ഒരു വിഭാഗം അയ്യപ്പ ഭക്തരും ഒപ്പം കോൺഗ്രസ്, ബി.ജെ.പി. പാർട്ടികളും ഉൾപ്പെടെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾക്കിടയിലും പരിപാടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ, ദേവസ്വം ബോർഡ് എന്നിവയുടെ തീരുമാനം.