ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ കൊടി സുനി പരസ്യമായി മദ്യപിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് ജയിൽ മാറ്റം.
മാഹി ഇരട്ടക്കൊലപാതക കേസിൽ ഹാജരാക്കുന്നതിനായി തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു സംഭവം. കൊടി സുനിയും മറ്റ് പ്രതികളും പോലീസുകാർ നോക്കിനിൽക്കെ പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ തലശ്ശേരി പോലീസ് കൊടി സുനി ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിന് സുരക്ഷാപരമായ കാരണങ്ങളുണ്ടെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. എന്നാൽ, പരസ്യമദ്യപാന വിവാദത്തെ തുടർന്നുള്ള സമ്മർദ്ദമാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്നാണ് സൂചന. കൊടി സുനിയെയും മറ്റ് പ്രതികളെയും ജയിലിന് പുറത്തുകൊണ്ടുപോകുമ്പോൾ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നേരത്തെയും ആവശ്യമുയർന്നിരുന്നു.