ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ കൂടുതൽ സമ്മർദ്ദം ചെലുത്തി അമേരിക്ക. റഷ്യയിലെ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
യു.എസ്. ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസാണ് ഈ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ഉപരോധത്തിലൂടെ റഷ്യയുടെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ വിൽപനയിൽ കുറവ് വരുത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഈ ഉപരോധങ്ങൾ അധികകാലം നിലനിൽക്കില്ലെന്നാണ് പ്രതീക്ഷയെന്നും യുദ്ധം ഒത്തുതീർപ്പാകുമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.
ഈ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറയ്ക്കുമെന്ന ഉറപ്പാണ് മോദി നൽകിയത്. എന്നാൽ, ഇത് ഇന്ത്യ പാടെ നിഷേധിച്ചു. റഷ്യയുമായിട്ടുള്ള ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല രാജ്യങ്ങളും റഷ്യയ്ക്കെതിരെ ഇറക്കുമതി തീരുവകളും മറ്റ് ഉപരോധങ്ങളും ഏർപ്പെടുത്തുന്നത്. ഇത് റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസം റഷ്യയിലെ ഒരു രാസവള നിർമ്മാണ കേന്ദ്രത്തിലേക്ക് ഉക്രൈൻ ഒരു മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾക്കും ആശങ്കകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.