ശബരിമല വിമാനത്താവളം നിര്‍മിക്കുന്നതിന് കൊടുമണ്‍ എസ്റ്റേറ്റില്‍ സാമൂഹിക ആഘാത പഠനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലായില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊടുമണ്‍ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ആക്ഷന്‍ കൗണ്‍സിലാണ് ഹൈക്കോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് റബര്‍ പ്ലാന്റേഷന്‍ നിലച്ചതിനാല്‍ നിലവില്‍ ഉപയോഗശൂന്യമായി കിടക്കുകയാണ് പ്ലാന്റേഷന്‍.
പത്തനംതിട്ട ജില്ലയിലെ അടൂരിന് സമീപം 3000 ഏക്കര്‍ വിസ്തൃതിയുള്ള കൊടുമണ്‍ പ്ലാന്റേഷനിലാണ് വിമാനത്താവള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടുമണ്‍ വിമാനത്താവള പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇതിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോക്ടര്‍ വര്‍ഗീസ് പേരയിലിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപീകൃതമായതിനു ശേഷം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി നടപടികള്‍ മുന്നോട്ടു പോവുകയാണ്. ബന്ധപ്പെട്ടവരില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്മിറ്റിയംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്ലാന്റേഷനില്‍ പരിസ്ഥിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് ഡോക്ടര്‍ വര്‍ഗീസ് പേരയില്‍ പറഞ്ഞു.
എം സി റോഡിനും മലയോര ഹൈവേക്കും സമീപത്തായി സ്ഥിതി ചെയ്യുന്ന കൊടുമണ്‍ പ്ലാന്റേഷനില്‍ സിയാല്‍ മാതൃകയിലാണ് വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ആണ് ആക്ഷന്‍ കമ്മിറ്റി ശ്രമിക്കുന്നത്. ശബരിമലയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന കൊടുമണ്ണില്‍ വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വലിയ പുരോഗതിയാണ് പത്തനംതിട്ട ജില്ലയില്‍ ഉണ്ടാവുക എന്നാണ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.