പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. കേസിലെ ഗൂഢാലോചനയിലും ഗർഭച്ഛിദ്രത്തിന് മരുന്ന് എത്തിച്ചു നൽകിയതിലും ജോബിക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിച്ചതനുസരിച്ചാണ് ജോബി ജോസഫ് തനിക്ക് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നൽകിയതെന്ന് ഇരയായ യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബിയെ കേസിൽ രണ്ടാം പ്രതിയായി ഉൾപ്പെടുത്തിയത്.
എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ ജോബി ജോസഫ് നിഷേധിച്ചു. യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ മരുന്ന് എത്തിച്ചു നൽകിയതെന്നും, അത് ഗർഭച്ഛിദ്രത്തിനുള്ള മരുന്നാണെന്നോ അത് കഴിച്ചാലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ജോബി ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസ് എന്ന നിലയിൽ രാഷ്ട്രീയ കേന്ദ്രങ്ങളും നിയമവൃത്തങ്ങളും ഇന്നത്തെ കോടതി നടപടികളെ ഉറ്റുനോക്കുകയാണ്. കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.